ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് “നവംബർ 14 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് പുറത്തിറക്കി.സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി വെബ് സീരീസ്സിൽ നായകനായി എത്തുന്നത് ശബരീഷ് വർമ്മയാണ്.
വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായർ നിർമ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്. ഒരു പാരനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കാറ്റഗറിയിൽ പെടുത്താവുന്ന ചിത്രത്തിൽ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും വേഷമിടുന്നു.കമ്മട്ടം എന്ന സൂപ്പർഹിറ്റ് സീരീസിന് ശേഷം ഭയത്തിന്റെയും ഹാസ്യത്തിന്റെയും പുതിയ കഥയുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് ZEE5.
” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ഒരു ഗ്രാമത്തിൽ നടക്കുന്ന ഒരു കഥയാണ്.ഭയം മനസ്സിൽ ഒളിപ്പിച്ച ഒരു പോലീസുകാരനായ സബ് ഇൻസ്പെക്ടറിനെ നാട്ടുകാർ ‘ഇൻസ്പെക്ഷൻ ബംഗ്ലാവ്’ എന്ന് വിളിക്കുന്ന ഒരു ഉപേക്ഷിക്കപ്പെട്ട സർക്കാർ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റാൻ ചുമതലപ്പെടുത്തുന്നു. ഒരു സാധാരണ സ്ഥലമാറ്റം എന്ന നിലയിൽ ആരംഭിക്കുന്ന കാര്യങ്ങൾ,കുറച്ച് കഴിയുമ്പോൾ കൂടുതൽ ഭീതിജനകമായ അന്വേഷണത്തിലേക്ക് വഴിമാറുന്നു.
‘ഇൻസ്പെക്ഷൻ ബംഗ്ലാവ്’ വെറും ഭയത്തെക്കുറിച്ചുള്ളതല്ല, അതിന്റെ ഇടയിൽ ഇത്തിരി ചിരിയും, ചിന്തയും,സസ്‌പെൻസും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് ചിത്രത്തിന്റെ സംവിധായകൻ സൈജു എസ്.എസ് പറഞ്ഞു.
വിഷ്ണു എന്ന കഥാപാത്രം ഞാൻ ഇതിനുമുമ്പ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണെന്നും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശബരീഷ് വർമ്മ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഹൊറർ-കോമഡി വെബ് സീരീസിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ശബരീഷ് കൂട്ടിച്ചേർത്തു.
കമ്മട്ടത്തിന് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണത്തിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 മലയാളി പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
‘ഇൻസ്പെക്ഷൻ ബംഗ്ലാവ്’ മികച്ച ഒരു ദൃശ്യനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്. ചിത്രം
നവംബർ 14 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും



