വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം ” സുമതി വളവ് ” സെപ്റ്റംബർ 26 മുതൽ ZEE5 ഇൽ സ്ട്രമിങ് ആരംഭിക്കും.മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ZEE5-ൽ റിലീസ് ചെയ്യും.
തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നും മൈലുംമൂടെന്ന സ്ഥലത്തേക്ക് പോകുമ്പോൾ കാടിന് നടുവിലായി റോഡിൽ ഒരു കൊടുംവളവുണ്ട്.പണ്ട് അന്നാട്ടുകാർ പറഞ്ഞ് തലമുറകളിലേക്ക് കൈമാറിയ,ഇന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾ അറിയുന്ന ആ വളവാണ് സുമതി വളവ് എന്ന് അറിയപ്പെടുന്നത്.ആ വളവ് പ്രധാനകഥാപാത്രമായെത്തുന്ന സിനിമയാണ് സുമതി വളവ്.
കുളത്തൂപ്പുഴ ഡിവിഷനിലെ കല്ലേലിയിലേക്ക് സ്ഥലം മാറിയെത്തുന്ന ഫോറസ്റ്റ് ഓഫീസറിലൂടെയാണ് കഥ തുടങ്ങുന്നത്.ഈ വളവിൽ സുമതി എന്ന സ്ത്രീയുടെ പ്രേതം വേട്ടയാടുന്നുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.എന്നാൽ അപ്പു എന്ന ചെറുപ്പക്കാരനായ ഗ്രാമീണന്റെ ജീവിതം ഈ പ്രേതബാധയുള്ള വളവുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെ ചുരുളഴിയാൻ തുടങ്ങുമ്പോൾ കഥ കൂടുതൽ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്,സിദ്ധാർഥ് ഭരതൻ,ഗോപിക അനിൽ,ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1953-ൽ നടന്ന സംഭവകഥയാണ് സുമതി വളവിന് ഭീതിയുടെ പരിവേഷമേകിയ ചരിത്രമായി നമ്മൾ വായിച്ചും കേട്ടുമെല്ലാം അറിഞ്ഞത്. ഗർഭിണിയായ യുവതി കൊല്ലപ്പെടുന്ന ആ ചരിത്രത്തിന് പകരം മറ്റൊരു സിനിമാറ്റിക് കഥയാണ് ചിത്രത്തിലെ സുമതി വളവിന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നൽകിയിരിക്കുന്നത്.
ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കർ കൂട്ടിച്ചേർത്തു.ZEE5 വഴി സുമതി വളവ് പല ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഒരുപാട് സന്തോഷം ഉണ്ടെന്ന് അർജുൻ അശോകൻ പറഞ്ഞു.
“സുമതി വളവ്” – ഒരിക്കൽ കടന്നാൽ തിരിച്ചു പോരാനാവാത്ത വളവ്…ഡിജിറ്റൽ പ്രീമിയർ സെപ്റ്റംബർ 26 മുതൽ ZEE5-ൽ മാത്രം