ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര“യുടെ തെലുങ്ക് പതിപ്പിനും ഗംഭീര പ്രേക്ഷക പ്രതികരണം. “കൊത്ത ലോക” എന്ന പേരിൽ റിലീസ് ചെയ്ത തെലുങ്ക് പതിപ്പും ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ കയറി ശ്രദ്ധ നേടി. മികച്ച പ്രതികരണം ലഭിക്കുന്ന തെലുങ്ക് പതിപ്പ് ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ തെലുങ്ക് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്തിരിക്കുന്നത് അവിടുത്തെ വമ്പൻ നിർമ്മാണ/വിതരണം ബാനർ ആയ സിതാര എൻ്റർടൈൻമെൻ്റ്സ് ആണ്.
കേരളത്തിലും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന് രണ്ടാം ദിനം 150 ലധികം ലേറ്റ് നൈറ്റ് ഷോകളാണു കൂട്ടിച്ചേർക്കപ്പെട്ടത്. 250 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പൊൾ കേരളത്തിലെ 300 ന് മുകളിൽ സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
“ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരത്ഭുത ലോകമാണ് ഈ ചിത്രം തുറന്നിടുന്നത് എന്നതാണ് ഇതിൻ്റെ ഹൈലൈറ്റ്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിക്കുന്നത്. കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു ഫാൻ്റസി ലോകം തന്നെയാണ് ചിത്രത്തിലൂടെ സംവിധായകൻ ഒരുക്കിയത്.
ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ വമ്പൻ കയ്യടി നേടുമ്പോൾ, സണ്ണി ആയി നസ്‌ലൻ, ഇൻസ്പെക്ടർ നാചിയപ്പ ഗൗഡ ആയി സാൻഡി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പൻ കാമിയോ റോളുകളും പ്രേക്ഷകർക്ക് വൻ ആവേശം സമ്മാനിക്കുന്നു.
ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് കഥ പറയുന്നത്. കേരളത്തിൽ വമ്പൻ റിലീസായി വേഫെറർ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്തിരിക്കുന്നത് വലിയ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് ചിത്രം എത്തിച്ചത്.