‘മാക്ട’യും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മാക്ട റിഫ് ഫിലിം ഫെസ്റ്റിവൽ കാക്കനാട് രാജഗിരി കോളേജിൽ ആരംഭിച്ചു.
പ്രശസ്ത സംവിധായകൻ ബ്ലെസി ഉദ്‌ഘാടനം നിർവഹിച്ച ഫെസ്റ്റിവലിൽ കെ ജി ജോർജ് സംവിധാനം ചെയ്ത “പഞ്ചവടിപ്പാലം” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. കെ ജി ജോർജിന്റെ ചരമ വാർഷിക ദിനമായ സെപ്തംബർ 24-ന് നടന്ന ചടങ്ങിൽ ജോർജ് സാറിന്റെ മകൾ താരാ ജോർജും സന്നിഹിതയായിരുന്നു. ജോർജ് സാറിന്റെ പുസ്തക ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ താര ജോർജ്, മാക്ട ചെയർമാൻ ജോഷി മാത്യുവിന് കൈമാറി.
“മാക്ട”യിൽ സൂക്ഷിച്ചിരുന്ന കെ ജി ജോർജിന്റെ ആദ്യചിത്രമായ സ്വപ്നാടനത്തിന് ലഭിച്ച ദേശീയ അവാർഡിന്റെ സർട്ടിഫിക്കറ്റ്, പ്രശസ്ത ഗാനരചയിതാവും മാക്ട യുടെ ആദ്യകാല പ്രവർത്തകരിൽ പ്രമുഖനുമായ ഷിബു ചക്രവർത്തി താരാ ജോർജിന് ചടങ്ങിൽ വച്ച് നൽകി. റവ.ഫാദർ ഡോക്ടർ ബെന്നി നാൽക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ‘അമ്മ‘ ജനറൽ സെക്രട്ടറി ശ്രീമതി കുക്കുപരമേശ്വരൻ, രാജഗിരി കോളേജ് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി ലാലി മാത്യു , ഡിപ്പാർട്ട്മെന്റ് മേധാവി എ സി രഞ്ജു, ആർ സി എം എ എസ് ഡയറക്ടർ റവ.ഫാദർ ഡോക്ടർ മാത്യു വട്ടത്തറ, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, മാക്ട ട്രഷറർ സജിൻലാൽ, ജോയിന്റ് സെക്രട്ടറി സോണി സായി, നിർവ്വാഹക സമിതി അംഗങ്ങളായ വേണു ബി നായർ, ബാബു പള്ളാശ്ശേരി, എ എസ് ദിനേശ്,ഷാജി പട്ടിക്കര, സംവിധായകരായ ആദം അയൂബ്,കെ ജെ ബോസ് ക്യാമറാമാൻ ടി ജി ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു .
രാജഗിരിയിലേയും മറ്റു ക്യാമ്പസുകളിലേയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഡെലിഗേറ്റുകളാകുന്ന മൂന്ന് ദിവസത്തെ ചലച്ചിത്രമേളയിൽ മാക്ട യിലെ ക്ഷണിക്കപ്പെട്ട അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.