ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര‘ യുടെ സക്സസ്സ് ട്രൈലെർ പുറത്തിറങ്ങി. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ചിത്രം 275 കോടി രൂപയ്ക്കു മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി കുതിപ്പ് തുടരുന്നത്. 300 കോടി എന്ന സ്വപ്ന നേട്ടം ‘ലോക’ ക്ക് അകലെയല്ല. മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറി ‘ലോക’ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടി ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ‘ലോക’. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും ‘ലോക‘ സ്വന്തമാക്കിയിരുന്നു. സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാള ചിത്രമായി ‘ലോക’ മാറിയിരുന്നു. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി.
അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും മലയാള സിനിമയിലെ നാഴികക്കല്ലായി ചിത്രം മാറി. ‘ലോക’ കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ചിത്രത്തിന്റെ വൻ വിജയം ആഘോഷിച്ചു കൊണ്ടാണ് ഇൻഡസ്ട്രി ഹിറ്റ് ആയ ലോകയുടെ സക്സസ്സ് ട്രൈലെർ പുറത്തിറക്കിയിരിക്കുന്നത്.