സ്‌നിഷ ചന്ദ്രൻ കാർത്തികദീപം സീരിയൽ വിശേഷങ്ങൾ പങ്കുവെക്കുന്നു

സീ കേരളം സീരിയല്‍ കാർത്തികദീപം നായിക സ്‌നിഷ ചന്ദ്രൻ തന്‍റെ വിശേങ്ങള്‍ പ്രേക്ഷകരോട് പങ്കുവെക്കുന്നു

സ്‌നിഷ ചന്ദ്രൻ
Actress Snisha Chandran Interview

സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങിയ പുതിയ പരമ്പര കാർത്തികദീപത്തിലെ കാർത്തികയായിട്ടാണ് സ്‌നിഷയുടെ ഒരിടവേളക്ക് ശേഷമുള്ള മലയാള മിനി സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്. മനോഹരമായ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കാർത്തികയും അവളുടെ ജീവിതകഥയും മലയാളികൾക്ക് ഇഷ്ടമാകുമെന്ന് ഉറപ്പിച്ചു പറയുന്നു സ്‌നിഷ. തൃപ്രയാറിലാണ് കാർത്തികദീപം സീരിയൽ ചിത്രീകരിക്കുന്നതു. സ്‌നിഷ ചന്ദ്രൻ സംസാരിക്കുന്നു.

ആദ്യ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സ്‌നിഷ. തന്റെ ആദ്യ വേഷത്തിലൂടെ മികച്ച നടിക്കുള്ള പ്രേം നസീർ പുരസ്കാരവും ഈ മഞ്ചേരിക്കാരി സ്വന്തമാക്കി. മലയാളത്തോടൊപ്പം തമിഴിലും ഒരേപോലെ അരങ്ങേറി കൊണ്ടാണ് സ്‌നിഷയുടെ സീരിയൽ രംഗത്തേക്കുള്ള കാൽവെയ്പ. ആദ്യ സീരിയൽ തന്ന വൻവിജയത്തിന്റെ ആരവങ്ങൾ ഒടുങ്ങുന്നതിന് മുൻപ് തന്നെ മറ്റൊരു മികച്ച കഥാപാത്രവുമായി മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ് ഈ മലപ്പുറത്തുകാരി.

കാർത്തിക എന്ന ഈ കഥാപാത്രത്തിന്റെ പ്രത്യേകത എന്താണ് ? യഥാര്‍ത്ഥ ജീവിതത്തിലെ സ്‌നിഷയുമായി ഇതിനു സാമ്യമുണ്ടോ ?

കാർത്തിക ഒരു പാവം പെൺകുട്ടിയാണ് , എന്നാൽ ബോൾഡ് ആണ് താനും. വെല്ലുവിളികളെയൊക്കെ സധൈര്യം നേരിടുന്ന മിടുക്കികുട്ടി.നന്മ നിറഞ്ഞ ഒരു മനസ്സിനുടമയുമാണ് അവൾ. ജീവിതത്തിൽ പെട്ടെന്ന് ഒറ്റപ്പെട്ടു പോവുകയും പ്രിയപ്പെട്ട ചേട്ടന്റെ ചിറകിലൊതുങ്ങി ജീവിക്കുകയും ചെയുന്ന ഒരു കഥാപാത്രം. യദു കൃഷ്ണൻ ചേട്ടനാണ് കാർത്തികയുടെ ജേഷ്ഠന്റെ വേഷത്തിലെത്തുന്നത്. വിവേക് ഗോപൻ ചേട്ടൻ നായകനായുമെത്തുന്നു. പ്രതീക്ഷകൾ തരുന്ന ഒരു കഥാപാത്രമാണ് എനിക്ക് കാർത്തിക. ഏറെ അഭിനയസാധ്യത ഉള്ള ഒരു വേഷം കൂടിയാണ്. മലയാളികൾ തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് കാർത്തികയുടേത് എന്ന് എനിക്ക് ഉറപ്പുണ്ട്.

സ്‌നിഷ ചന്ദ്രൻ അഭിനയത്തിലേക്കുള്ള വഴി എങ്ങനെയാണു തുറന്നു കിട്ടിയത്?

സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ നമ്മൾ വളരെ ആക്റ്റീവ് ആയിരുന്നു. ഡാൻസും പാട്ടും എല്ലാ പരിപാടികൾക്കും നമ്മൾ മുന്നിൽ തന്നെയുണ്ടാകും. പിന്നീടാണ് അഭിനയത്തോട് ഒരു താല്പര്യം ഉണ്ടാകുന്നത്. മോഡലിംഗ് ചെയ്തു തുടങ്ങിയ അവസരത്തിൽ അഭിനയത്തിൽ ഒരു കൈ നോക്കാമെന്നു വെച്ചു. വീട്ടുകാരണേൽ നമ്മുക്ക് എല്ലാവിധ സപ്പോർട്ടും ആയി കൂടെ ഉണ്ടായിരുന്നു. നടൻ പ്രതീഷ് ചേട്ടൻ ആണ് ആദ്യ സീരിയലിലെ അവസരത്തെക്കുറിച്ചു പറയുന്നത്. അങ്ങനെ ഓഡിഷന് പോകുന്നതും സെലക്ട് ആകുന്നതും. ആദ്യ സീരിയൽ തന്ന വിജയം ധൈര്യം തന്നു.

തൃപ്രയാറിലെ ഷൂട്ടിംഗ് അനുഭവങ്ങൾ എന്തൊക്കെയാണ്?

വളരെ മനോഹരമായ ഒരു ഗ്രാമമാണ് ഇത്. മലയാള സീരിയൽ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇവിടെ ചിത്രീകരിക്കുന്നത്. ഷൂട്ടിംഗ് ഒക്കെ കാണാൻ ധാരാളം നാട്ടുകാരൊക്കെ വരും. നമ്മൾക്ക് നല്ല സപ്പോർട്ട് ഒക്കെ തരുന്നുണ്ട് തൃപ്രയാർകാർ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിയന്ത്രങ്ങൾ പാലിച്ചാണ് ഷൂട്ടിംഗ്. അത് കൊണ്ട് തന്നെ ഒത്തിരി ആൾക്കാരെയൊന്നും ഷൂട്ടിംഗ് സ്ഥലത്ത് അനുവദിക്കാറില്ല. എങ്കിലും നമ്മളൊക്കെ ഇവിടെ ഉണ്ടെന്നു അറിഞ്ഞു നമ്മളെ കാണാനായി എത്തുന്നവരും ഉണ്ട്. വലിയ സന്തോഷം തരുന്നതാണ് ഇവരുടെയൊക്കെ പെരുമാറ്റം. പിന്നെ സഹതാരങ്ങൾ മറ്റു സാങ്കേതിക പ്രവർത്തകർ എല്ലാവരുമായി നല്ല ചെങ്ങാത്തമാണ്. ഇവിടെ തൃപ്രയാറിലെ ഷൂട്ടിംഗ് ഒരു ഹോമിലി മൂഡിൽ ആണ്.

കോവിഡ് നിയന്ത്രണങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണോ?

ബുദ്ധിമുട്ടൊന്നുമില്ല. ലോകമാകെ ഒരു അസുഖത്തെ നേരിടുകയല്ലേ. നമ്മളും ശ്രദ്ധയോടെ ഇരിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള വഴി. നിയന്ത്രണങ്ങൾ കണിശമായും പാലിച്ചാണ് ചിത്രീകരണം.

ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ എന്തൊക്കെയാണ്?

വളരെ നാളുകൾക്കു ശേഷമാണ് കുടുംബത്തോടൊപ്പം ഇത്രയും ദിവസങ്ങൾ ചെലവിടുന്നത്. കോവിഡിന്റെ പോസിറ്റീവ് വശം അതാണ്. രണ്ടര മാസത്തോളം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പ്രധാനമായും കുക്കിംഗ് തന്നെയായിരുന്നു ഈ സമയത്തെ പ്രധാന വിനോദം. പിന്നെ സിനിമ കാണലും. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെയായി കുറച്ചധികം ദിവസങ്ങൾ അടിച്ചുപൊളിച്ചു.

1 thought on “സ്‌നിഷ ചന്ദ്രൻ കാർത്തികദീപം സീരിയൽ വിശേഷങ്ങൾ പങ്കുവെക്കുന്നു”

Leave a Comment