യുവതാരമായ നസ്ലിനെ നായകനാക്കി “മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്” എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന “മോളിവുഡ് ടൈംസ്“ ജൂൺ 5-ന് തിയേറ്ററുകളിലെത്തുന്നു.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ നസ്ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമ സംവിധായകനാകുക എന്ന സ്വപ്നവുമായി ജീവിക്കുന്ന വിനീത് മാധവൻ എന്ന യുവാവായാണ് നസ്ലിൻ ചിത്രത്തിലെത്തുന്നത്. മലയാള സിനിമയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ കാമിയോ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്.
“മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്” എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകിന്റെ പുതിയ ചിത്രമായതിനാൽ തന്നെ മോളിവുഡ് ടൈംസിനായി സിനിമാപ്രേമികൾ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ **”ലോക: ചാപ്റ്റർ 1 – ചന്ദ്ര”**യുടെ വൻ വിജയത്തിന് ശേഷം നസ്ലിൻ എത്തുന്ന ചിത്രം കൂടിയായതിനാൽ ചിത്രത്തിന് ലഭിക്കുന്ന ശ്രദ്ധയും വർധിച്ചിട്ടുണ്ട്.
വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രാമു സുനിൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജേക്സ് ബിജോയ് സംഗീതവും നിധിൻ രാജ് അരോൾ എഡിറ്റിംഗും നിർവഹിക്കുന്നു.
സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്യുന്ന മോളിവുഡ് ടൈംസ് ജൂൺ 5 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പി.ആർ.ഒ : എ എസ് ദിനേശ്






