ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചർച്ചാവിഷയമായി മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര“. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോഴും സെർച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോർട്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായി 250 കോടി നേട്ടത്തിലേക്ക് കുതിക്കുകയാണ്.
റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് “ലോക” നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.