മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണം – കെ മാധവൻ

K Madhavan
K Madhavan

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനും ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡൻറും കൺട്രി ഹെഡുമായ കെ മാധവൻ.

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് ദില്ലിയിൽ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, സിഐഐ സംഘടിപ്പിക്കുന്ന ‘ബിഗ് പിക്ച്ചർ’ സമ്മേളനത്തിൽ സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനും ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡൻറും കൺട്രി ഹെഡുമായ കെ മാധവൻ അഭിപ്രായപ്പെട്ടു .

5 ജി ഇന്ത്യൻ മാധ്യമ വിനോദ മേഖലയ്ക്ക് വലിയ അവസരമാണ്. മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യയുടെ മാധ്യമ മേഖലയും മാറണം. ഇന്ത്യയിലെ മാധ്യമ രംഗത്തിന് ജിഡിപിയുടെ ഒരു ശതമാനം പങ്ക് പോലും നേടാൻ ഇപ്പോഴുമായിട്ടില്ല. ഇന്ത്യയിൽ തയ്യാറാക്കുന്ന ഉള്ളടക്കം ആഗോളപ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിയണം. ദക്ഷിണ കൊറിയ ഇക്കാര്യത്തിൽ ഉദാഹരണമാണെന്ന് കെ. മാധവൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വികസനത്തിനും നവീകരണത്തിനുമുള്ള സാധ്യതകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഗെയിമിംഗ് രംഗത്ത് വലിയ സാധ്യത രാജ്യത്തുണ്ട്. എന്നാൽ പല സംസ്ഥാനങ്ങളിൽ പല നിയമങ്ങൾ നടപ്പാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും കെ. മാധവൻ ചൂണ്ടിക്കാട്ടി.

സാങ്കേതിക വിദ്യാ രംഗത്തെ വിപ്ളവത്തിന് അനുയോജ്യമായ നയം മാധ്യമമേഖലയിൽ നടപ്പാക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ പി.ഡി. വഗേല അറിയിച്ചു. 5 ജി നടപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യ ലോകത്തിന് നേതൃത്വം നല്കുമെന്നും പിഡി വഗേല അവകാശപ്പെട്ടു. മാധ്യമ ഉടമസ്ഥത ചിലരുടെ കൈയ്യിൽ ചുരുങ്ങുന്നത് ഒഴിവാക്കാനുള്ള നടപടി ഉണ്ടാകുമെന്നും ട്രായ് ചെയർമാൻ അറിയിച്ചു. ഡിറ്റിഎച്ച് പോലെ ഡയറക്ട് ടു മൊബൈൽ സംവിധാനത്തിനുള്ള കൂടിയാലോചന തുടരുകയാണെന്നും പിഡി വഗേല പറഞ്ഞു.

വാർത്താ വിതരണ സെക്രട്ടറി അപൂർവ്വ ചന്ദ്രയും സംസാരിച്ചു. മാധ്യമ-സിനിമ രംഗത്തെ വിദഗ്ധർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Comment