തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രം ‘അരസൻ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്സ്ക്ലൂസീവ് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ‘അസുരൻ” എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് സിലമ്പരസൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും.
തൻ്റെ അഭിനയവും വൈവിധ്യവും കൊണ്ട് പ്രേക്ഷകരെ നിരന്തരം ആകർഷിച്ച സിലമ്പരസൻ, തന്റെ കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ രാജകീയ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.
പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 എന്നിവക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് “അരസൻ“
പിആർഒ- ശബരി