നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2” 2025 ഡിസംബർ 5 റിലീസ്

Akhanda 2 Release Date
Akhanda 2 Release Date

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ഒരുക്കുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് ഒരുക്കിയിരിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പോസ്റ്ററിൽ നീളമുള്ള മുടിയും പരുക്കൻ താടിയും ഉള്ള ലുക്കിലാണ് ബാലകൃഷ്ണയെ അവതരിപ്പിച്ചിരിക്കുന്നത്. ആഭരണങ്ങൾ ധരിച്ച അദ്ദേഹത്തിന്റെ കയ്യിൽ ഒരു വമ്പൻ ത്രിശൂലവും കാണാൻ സാധിക്കും. പരമ്പരാഗതമായ കുങ്കുമവും തവിട്ട് നിറത്തിലുള്ളതുമായ വസ്ത്രങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പുരാണപരവും ദൈവികവുമായ പ്രതിച്ഛായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. പോസ്റ്ററിലെ മഞ്ഞുമൂടിയതും ഗംഭീരവുമായ പശ്ചാത്തലവും അദ്ദേഹത്തിൻ്റെ ചലനാത്മകമായ ഭാവവും ഈ കഥാപാത്രത്തിൻ്റെ തീവ്രതയ്ക്കും മഹത്വത്തിനും ഊന്നൽ നൽകുന്നുണ്ട്.

എസ് തമന്റെ ആവേശകരമായ പശ്ചാത്തലസംഗീതം സിനിമയുടെ ഹൈ വോൾട്ടേജ് രംഗങ്ങളുടെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. ബാലകൃഷ്ണയുടെ ജന്മദിനം പ്രമാണിച്ചു നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക പ്രതികരണമാണ് സൃഷ്ടിച്ചത്. അഖണ്ഡ ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ കാണിച്ചു തന്നത്. ബാലകൃഷ്ണയുടെ ഉഗ്രവും ആത്മീയവുമായ ആവേശം നിറഞ്ഞ അവതാരം ഇതിനോടകം തന്നെ ആരാധകരെയും ജനങ്ങളെയും സിനിമാ പ്രേമികളെയും ഒരുപോലെ ആകർഷിച്ചിട്ടുണ്ട്.

റിലീസ് തീയതിയുടെ പ്രഖ്യാപനത്തോടെ ചിത്രത്തിന്റേതായി വമ്പൻ പ്രചാരണ പരിപാടികളാണ് ആരംഭിക്കാൻ പോകുന്നത്. ആരാധകരുടെ ആവേശം വർദ്ധിപ്പിക്കുന്ന അപ്ഡേറ്റുകളും സർപ്രൈസുകളും ചിത്രത്തിൽ നിന്ന് വഴിയേ പുറത്തു വരുമെന്നും അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Akhanda 2 Thandavam Release Date
Akhanda 2 Thandavam Release Date

രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment