
സിഡ്നി സാൽകോവ് സംവിധാനം ചെയ്ത് 1964 ൽ പുറത്തിറങ്ങിയ ക്ലാസിക് ഹൊറർ ചിത്രമായ ‘ദി ലാസ്റ്റ് മാൻ ഓൺ എർത്ത്’ എന്ന സയൻസ് ഫിക്ഷൻ ഹൊറർ ചിത്രത്തിന് പുതിയ കളർ പതിപ്പോരുക്കി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി (Casablanca Film Factory). എച്ച് ഡി നിലവാരത്തോടെയുള്ള പുതിയ പതിപ്പ് ഇപ്പോൾ ഡിഷ് ടിവിയുടെ ഒ.ടി.ടി. പ്ലാറ്റ്ഫോമായ വാച്ചോ ഒ. ടി. ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
വിൻസെന്റ് പ്രൈസ്, ഫ്രാങ്കാ ബെറ്റോയ, എമ്മ ഡാനിയേലി, ജിയാക്കോമോ റോസ്സി സ്റ്റുവർട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിച്ചാർഡ് മാതേസണും, വില്യം എഫ്. ലെസ്റ്ററും ചേർന്നാണ്. മാരകമായ ഒരു മഹാമാരി മനുഷ്യരാശിയെ സോംബി സ്വഭാവമുള്ള ജീവികളാക്കി മാറ്റുമ്പോൾ, രോഗബാധയേൽക്കാതെ ജീവിക്കുന്ന ഡോ. റോബർട്ട് മോർഗന്റെ കഥയാണ് ചിത്രം പറയുന്നത്. ഏകാന്തതയിൽ അതിജീവനത്തിനായി പൊരുതുന്ന അദ്ദേഹത്തിന്റെ ജീവിതം, ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയിലൂടെ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
അമേരിക്കൻ കമ്പനിയായ അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്‌സ് ഇൻക്. (Associated Producers Inc.)യും ഇറ്റാലിയൻ കമ്പനിയായ ഇൻഡിപെൻഡെന്റി റീജിയോണാലി (Indipendenti Regionali)യും ചേർന്നുള്ള സഹനിർമ്മാണ സംരംഭമായിരുന്നു. ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനായ നിർമൽ ബേബി വർഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.




